Monday, November 19, 2012

വെറുക്കപ്പെട്ടവര്‍





ഒട്ടിയവയറുമായി ദിനങ്ങള്‍ താണ്ടുന്നിവര്‍
പ്രാണന്‍ ഉടലില്‍നിന്നും  വേര്‍പ്പെടുത്താനായി  
കാലന്‍ വിശപ്പിന്‍റെ രൂപം പൂണ്ടു കൊത്തിവലിക്കുന്നു
പിടയുകയാണ് മാനസ്സം ദാഹജലത്തിനായി. 

കുപ്പതൊട്ടിയിലെ  അമൃതേത്തും  പങ്കിലമിന്ന്
ദിനമെത്രതാണ്ടി ഇവിടം വൃത്തിഹീനമായിട്ടിവര്‍ക്കും,
മാസങ്ങള്‍ കൊഴിഞ്ഞു നഗരസഭയുടെ
ദുര്‍ഗന്ധം വിതയ്ക്കുന്ന  ചവറുവണ്ടി വന്നിട്ടിവിടെ,

തമിഴ്നാടിന്‍ എന്‍ഡോസള്‍ഫാന്‍  മണമൂറും 
പച്ചക്കറികളില്‍ തീര്‍ത്ത സാമ്പാര്‍ പോലും
ഇവിടെ വീഴുമ്പോള്‍, ദ്രുതവേഗം പുഴുക്കളാല്‍ -
സമ്പന്നരായി ഇവര്‍ക്കുനേരെ ഇളിക്കുന്നിന്ന്.

തെരുവിന്‍റെ സന്തതിയിവര്‍ ജനനം മുതല്‍ 
മരണം വരയും ഇവിടെ ജീവിച്ചു തീര്‍ക്കുവാന്‍
ഉത്തരവാദികളാര് വിധിയെന്ന രണ്ടക്ഷരമോ  ?
ആരവരീവിധിതന്‍ വിധികര്‍ത്താവ് ? സ്വയമിവരോ ?  

അതോ രാത്രിതന്നന്ത്യയാമങ്ങള്‍തീര്‍ത്ത  ഇരുളില്‍
തെരുവിന്‍ അമ്മയില്‍ കാമപ്പിശാചുക്കള്‍
കുത്തി നിറച്ച ബീജത്തിന്‍ പൊരുളുകള്‍
നിണം നിറഞ്ഞു  ജീവല്‍ത്തുടിപ്പുകളായതോ ?

എന്തുതന്നാകിലും ; വെറുക്കപ്പെട്ടവരിവര്‍
എപ്പോഴുമെവിടയും, കാലങ്ങിളില്ലാതെ !
ഒഴുകുന്നു  ഈ ജീവിതഗാഥ നിര്‍ഗളമായി
ഗാന്ധിതന്നാത്മാവുറങ്ങും ഗ്രാമവീഥികളില്‍പ്പോലും.

1 comment:

  1. തെരുവിന്‍റെ സന്തതിയിവര്‍ ജനനം മുതല്‍
    മരണം വരയും ഇവിടെ ജീവിച്ചു തീര്‍ക്കുവാന്‍
    ഉത്തരവാദികളാര് വിധിയെന്ന രണ്ടക്ഷരമോ ?
    ആരവരീവിധിതന്‍ വിധികര്‍ത്താവ് ? സ്വയമിവരോ ?

    വരികൾ നന്നായിരിക്കുന്നു

    ReplyDelete