Friday, March 8, 2013

സഖിയെ നീ

  
ഹൃദയത്തില്‍ ഹിമകണ  നൈര്‍മല്യവും ചാര്‍ത്തി, 
കുഞ്ഞിളം തെന്നലിന്‍ സ്വാന്തനമായ് നീയെത്തി.
നീയെന്നില്‍ കനവുകള്‍തന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു,
മറയുകയോ സഖിയെ നീ ഒരു വാക്കും ചൊല്ലാതെ .
 
കനവുകളില്‍ നിറയുകയായി നീയെന്നുമറിയാതെ,
ഒരു നിശതന്‍ലാസ്യതയില്‍ നീയെന്നിലേകിയ  -
നഖക്ഷതങ്ങള്‍ ഒരു കണിക  ശോണിതമായി തെളിയുമ്പോള്‍, 
പിരിയരുതെ സഖിയെ നീ   ഒരു വാക്കും ചൊല്ലാതെ.

പറയാനും അറിയാനും പലനാളും മനമുരുകി   -  
വിട്ടൊരിക്കല്‍  അരയന്നപിടയൊന്നിനെ   ദൂദുമായി.
കാത്തു നിന്നു നളനായി ; ദിനമെത്ര  നിനക്കായി.
മായരുതേ  സഖിയെ നീ   ഒരു വാക്കും ചൊല്ലാതെ.

ഒരുനാളില്‍ നീയരുകില്‍ ഒരുമയൂരമായെത്തി,
കാര്‍മേഘ വര്‍ണ്ണനായി ഞാനന്നു നിന്നരികില്‍ .
പീലിയേഴും വീശിയന്നു നൃത്തമാടി നീയെനിക്കായി,
പോകരുതേ സഖിയെ നീ   ഒരു വാക്കും ചൊല്ലാതെ.

പലനാളായി കരുതുന്ന വാക്കുകള്‍തന്‍ സ്നേഹശരം,
തൊടുക്കുകയായി  ഞാനിന്നു  പ്രണയിനിയെ നിന്‍നേരെ.
നീയാണെന്‍ ഹൃത്തിനു ഗീതമേകും  കോകിലം,
നീയല്ലാതില്ലെനിക്ക്  ഈയുലകില്‍  സ്വാന്ത്വനം.  

Sunday, March 3, 2013

നിലാമഴ


ഒരു നിലാമഴതന്‍ തുള്ളിയായി 
നറു നിലാവിന്‍ ശോഭയില്‍
കളമൊഴി പാടി നീ... ചാരെ വന്നു
സുഗന്ധമായി നീ .. പറന്നുവന്നു
ഒരു കനവില്‍ എന്‍ കനവില്‍

ഒരു നിലാപക്ഷി പാടും... പാട്ടിന്‍ഈണമായി
നീയെന്നിലെന്നും അലിഞ്ഞു ചേര്‍ന്നു...
അവനല്‍കും  താളങ്ങള്‍ രാരീരം ചൊല്ലിയെന്‍ 
നിദ്രയില്‍ താരാട്ടായി അലിഞ്ഞു ചേര്‍ന്നു
എന്‍ നിദ്രതന്‍ താരാട്ടായി അലിഞ്ഞു ചേര്‍ന്നു

നിന്‍ മൃദുമന്ദഹാസം  നൂറുനൂറു കര്‍ണ്ണികാരം
പൂത്തുലയും മേടമാസ  പുലരിയായി 
അവയുടെ വര്‍ണ്ണങ്ങള്‍ നിന്‍ മിഴികളിലേകി
ഒരു  നൂറു വസന്തത്തിന്‍ പൂക്കൂടകള്‍
അവ  തന്ന മാദകഗന്ധങ്ങള്‍ എന്നിലെ
ഗന്ധര്‍വ വീണയില്‍ ശ്രുതിമീട്ടി   
എന്‍ മാനസ്സ വീണയില്‍ ശ്രുതിമീട്ടി

ഒരു നിലാമഴതന്‍ തുള്ളിയായി 
നറു നിലാവിന്‍ ശോഭയില്‍
കളമൊഴി പാടി നീ... ചാരെ വന്നു
സുഗന്ധമായി നീ .. പറന്നുവന്നു
ഒരു കനവില്‍ എന്‍ കനവില്‍

Saturday, February 2, 2013

സന്ധ്യയുടെ തമസ്സില്‍


കളിത്തട്ടിലെ കിളികള്‍ പറന്നകലുന്നു
ദിനച്ചര്യയാല്‍ തളര്‍ന്ന പകലും-
ദീര്‍ഘശ്വാസം  ഉതിര്‍ത്തു കഴിഞ്ഞു
ദിനകരന്‍ ആരുണ്യം ചാര്‍ത്തുന്നു
പടിഞ്ഞാറന്‍ വാനസീമയില്‍ .
ശംഖൊലി മുഖരിതം തിരുനടകള്‍
ദീപങ്ങള്‍ നക്ഷത്രങ്ങള്‍ തീര്‍ക്കുന്ന
ഉമ്മറപ്പടികളില്‍ ; നാമജപത്താല്‍
കൃഷ്ണനും , രാമനും ,ശിവനും ,
മുപ്പത്തിമുക്കോടി  ദേവഗണങ്ങളും പിന്നെ -
അഭിനവ ആള്‍ദൈവങ്ങളും ആടിതിമിര്‍ക്കുന്നു.
എവിടെ എന്‍ ദൈവം, ഒന്നും കാണാത്ത
ഒന്നും കേള്‍ക്കാത്ത എന്‍ ദൈവം ?
വഴിയരികില്‍ ഉടുതുണി നഷ്ടമായി
നിണമൊഴുകി ജീവന്‍ പറന്നുയരും  നേരം,
അമ്മയുടെ , സഖിയുടെ , കൂടെപ്പിറപ്പിന്റെ  ,
അല്ലെങ്കില്‍ മകളുടെ ശോണിതമാം-
ചൊടികളില്‍ ഉതിരുന്ന ചോദ്യത്തിനുത്തരം.
ആരേകും  അഭിനവ ദൈവങ്ങളോ  ?
അതോ കാമത്തിന്‍ അന്ധതയില്‍
കുടപ്പിറപ്പിനെ അല്ലെങ്കില്‍  മക്കളെ പോലും 
കാമാഗ്നിയില്‍ ദഹിപ്പിക്കാന്‍ തയ്യാറായ
പുത്തന്‍ മനുഷ്യക്കോലങ്ങളോ ..?
പറയുക,സന്ധ്യേ നിന്‍ നിണം നിറയും  തമസ്സിന്‍
അഗാധതയില്‍ നീയോളിപ്പിക്കും സത്യങ്ങള്‍
ഒരുവേളയെങ്കിലും ഇവര്‍ക്കായി.

Sunday, December 16, 2012

അഴിമതിയുടെ വിത്ത് മുളപ്പിക്കുന്നതാര്...?

ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അവനില്‍ അഴിമതിക്കുള്ള പ്രേരണ നാം സ്വയം കുത്തി നിറയ്ക്കുന്നു ..അതാണ് നമ്മളുടെ ജീവിത രീതി ... നാം വിട് വിട്ടു പുറത്ത് പോയി എത്തുന്നതുവരെ കുട്ടി സ്വസ്ഥമായ് ഒരിടത്തിരുന്ന് കളിക്കുവാന്‍ വേണ്ടി നാം അവനു മിട്ടായി എന്ന ചെറിയ സമ്മാനം കൈകൂലി ആയി വാഗ്ദാനം നല്‍കി അവനില്‍ ഇത്തരം ചിന്തകള്‍ക്ക് വേര് മുളപ്പിക്കുന്നു ..പിന്നെ ആ കുഞ്ഞു മനസ്സില്‍ എങ്ങനെ വീണ്ടും അത്തരം മിട്ടായി   പൊതികള്‍ എനിക്ക് നേടാന്‍ കഴിയും എന്ന ചിന്തയാണ് ഉടലെടുക്കുന്നത് ... മറ്റു പലരാജ്യങ്ങളും നോക്കിയാല്‍ നമുക്ക്  കാണാന്‍ കഴിയും അവര്‍ എങ്ങനെ കുട്ടികളെ വളര്‍ത്തുന്നു എന്ന് ( ഇത് പാശ്ചാത്യ സംസ്കാരം നമ്മുടെ നാട്ടിലും കൊണ്ടുവരാന്‍ വേണ്ടിയുള്ള എന്‍റെ മുറവിളി ആയി കാണരുത് ....ഇതിനര്‍ത്ഥം വിദേശത്ത് കാണിക്കുന്നതെല്ലാം നാം അനുകരിക്കണം എന്നല്ല എന്നും തിരുത്ത്‌, പാശ്ചാത്യരുടെ വിഴുപ്പുകള്‍ മാത്രം നമ്മള്‍ അനുകരിക്കുന്നു, നല്ലത് നമ്മള്‍ പുറം കാലുകൊണ്ട്‌ പോലും തൊടുന്നില്ല എന്ന് മാത്രം ) കുട്ടികള്‍ക്ക് വേണ്ടുന്ന പോഷക ആഹാരങ്ങളില്‍, അവര്‍ക്ക് വേണ്ടുന്ന സുരക്ഷ അന്തരീക്ഷത്തില്‍,അവര്‍ക്ക് വേണ്ടുന്ന മാര്‍ഗ്ഗ  നിർദ്ദേശങ്ങളിൽ , അവര്‍ക്ക് ലഭിക്കേണ്ട  ആരോഗ്യ പരിരക്ഷ മുതലായവയില്‍ ശ്രദ്ധ ചെലുത്തി അവര്‍ കുട്ടികളെ അവരുടെ വഴിക്ക് വിടുന്നു. അവര്‍ പെട്ടന്ന് തന്നെ സ്വന്തം കാലുകളില്‍ നടക്കാന്‍ പഠിക്കുന്നു ... ഇവിടെയോ ..? നമ്മുടെ നാട്ടില്‍ എത്രാമത്തെ വയസ്സില്‍ കുട്ടികള്‍ സ്വയം നടക്കാനുള്ള ശ്രമം നടത്തുന്നു ..അതെങ്ങനെ... ഒക്കത്ത് നിന്നും തഴെ വച്ചാല്‍ അല്ലെ അതിനു ഒരു ശ്രമം എങ്കിലും കുട്ടിക്ക് നടത്താന്‍ പറ്റു ...അല്ലെ .. ? (ഇതിനും നമ്മുടെ നാട്ടില്‍ ഉത്തരം ഉണ്ട് നമ്മുടെ സംസ്കാരം അതാണ്‌ എന്ന് , എങ്കില്‍ നമ്മുടെ സംസ്കാരം അമിതമായ ലാളനകള്‍ക്ക് നടുവില്‍ അകപ്പെട്ടു നട്ടം തിരിയുകയാണ് ) ഓരോ രാക്ഷ്ടീയ നേതാവിന്‍റെയും ജനനം തന്നെ അഴിമതിയുടെ പിൻബലത്തിൽ  അല്ലെ.. തന്നോടൊപ്പം സഹകരിക്കുവാനും തന്നെ നേതാവായി അഗീകരിക്കുവാനും അണികള്‍ക്ക് എന്തെല്ലാം നല്കിആവും ഇവര്‍ അണികളെ കണ്ടെത്തുന്നത് ..ഇതൊക്കെ നമ്മള്‍ക്കറിവുള്ളതല്ലേ.  ഓരോ രക്ഷ്ട്രീയ പാര്‍ട്ടികളുടെയും അടിസ്ഥാന ഘടകത്തില്‍ നിന്നും തന്നെ അഴിമതിയുടെ ആരഭം തുടങ്ങുന്നില്ലേ .. ? എങ്ങനെ തുടങ്ങാതിരിക്കും  സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിനു മുതല്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡു പ്രതിനിധിയായി തിരഞ്ഞെടുക്കുവാന്‍ വേണ്ടിപ്പോലും ലക്ഷങ്ങള്‍ സ്വന്തം കീശയില്‍ നിന്നും ചിലവാക്കേണ്ടി വരുമ്പോള്‍.. അത് തിരിച്ചെടുക്കാന്‍ എന്ത് മാര്‍ഗവും (ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നാണല്ലോ  ) കണ്ടെത്തുന്ന ഒരു പ്രക്രിയ ഈ നാട്ടില്‍ നിലവിലുള്ളപ്പോള്‍.ആരെയാണ് നാം പഴിക്കേണ്ടത് ...നേതാക്കളെയോ .. ? അതോ സ്വയമോ ....? നാം മാറേണ്ടി ഇരിക്കുന്നു ഇനിയെങ്കിലും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാരി മാറി നിക്കാതെ സ്വയം ഒരു വിശകലനത്തിനു നാം തയ്യാറാവുക ...ഒരു നല്ല നാളയുടെ വിത്തുകള്‍ പാകുവാന്‍ നാം തയ്യാറായാല്‍..... ഒരു പുത്തന്‍ ലോകം നമുക്കായി  മുന്‍പില്‍ കാത്തു നില്‍ക്കുന്നു ... !!!! പലതില്‍ നിന്നും ഒളിച്ചോടാന്‍ നമ്മള്‍ മറ്റുപലതിനേയും കൂട്ട് പിടിക്കുന്നു ... അതാണ് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നതും ... നമ്മുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു . നന്മയെ തിരിച്ചറിയാനും തിന്മയെ വെറുക്കാനും പഠിക്കുന്ന ഒരു ലോകം സ്വയം നമ്മുടെ കുട്ടികള്‍ക്കുണ്ടാവട്ടെ...ഈ അടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ നടമാടികൊണ്ടിരിക്കുന്ന അധാര്‍മിക പ്രക്രിയകളെ ചെറുക്കുക എന്നത് നിയമത്തോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും പ്രതിബദ്ധത കൂടിയാണ് . ധാര്‍മിക സദാചാരബോധങ്ങള്‍ ഒരുവനില്‍ ഉണ്ടാവുന്നത് / വളരേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണ്  , അതിനുള്ള സാഹചര്യങ്ങള്‍ നമ്മുടെ കുടുംബ പരിമിതിക്കുള്ളിലെങ്കിലും ഉണ്ടാക്കാനുള്ള മാനസ്സിക തയ്യാറെടുപ്പുകൾ നാം ഓരോരുത്തരും  കടമയായി കൂടി കരുതണം ... നമ്മുടെ സ്വന്തം കുട്ടികളില്‍ എങ്കിലും സമൂഹത്തോടുള്ള പ്രതിബദ്ധത എന്ത് എന്ന് പൂര്‍ണതയോടെ എത്തിക്കാന്‍ നമുക്ക് കഴിയണം ..

Friday, November 30, 2012

ഞാനും, എന്‍റെ ചെങ്ങന്നുരും, പിന്നെ 2050 ഉം .


ഇന്ന്  ഇംഗ്ലീഷ് വര്‍ഷം 2050  ജനുവരി ഒന്ന്  ആവേശകരമായി പുതുവര്‍ഷത്തിലെ പുതു ദിനം പിറന്നുകഴിഞ്ഞു , എന്‍റെ സ്വന്തം മണ്ണില്‍ ഞാന്‍  തിരിച്ചെത്തുന്നു, അവിടുത്തെ ഒരിക്കലും മടുപ്പിക്കാത്ത മായ കാഴ്ചകള്‍ തേടി ഞാനെത്തുന്നു. ട്രെയിന്‍റെ ശീതീകരിച്ച മുറിക്കുള്ളിലെ വീര്‍പ്പുമുട്ടലില്‍ എന്‍റെ മനസ്സ് നാട്ടുംപുറത്തുകൂടി  ഓടിനടന്നു,അവിടുത്തെ നിഷ്കളങ്കമായ കാഴ്ചകള്‍ നേരില്‍ കാണാന്‍ എന്‍റെ മനസ്സു വല്ലാതെ വെമ്പുകയായിരുന്നു . പക്ഷെ ട്രെയിന്‍റെ ജാലകത്തിലൂടെ കണ്ട കാഴ്ചകള്‍ എന്‍റെ മനസ്സില്‍ പോറലുകള്‍ വീഴ്ത്തിയോ എന്ന് സംശയം പണ്ട് കണ്ടിരുന്ന  കോട്ടയമോ തിരുവല്ലയോ എനിക്ക് വഴില്‍ കാണാന്‍ കഴിഞ്ഞില്ല വഴിയോരങ്ങളിലെ കാഴ്ചയും വിഭിന്നമായിരുന്നു  എവിടെയും അംബരചുംബികളായ കോണ്‍ഗ്രീറ്റ് മരങ്ങളാല്‍ തിങ്ങി നിറഞ്ഞ  കോണ്‍ഗ്രീറ്റ് വനങ്ങള്‍ ഗ്രാമഭംഗിയുടെ പച്ചപ്പ്‌ നശ്ശിച്ചിരിക്കുന്നു എന്‍റെ പമ്പാനദി ഒരു നൂല്‍നീര്‍ചാല്‍ മാത്രമയി ഇതാ എനിക്ക് താഴെ ഒഴുകുന്നു. ദൂരെ എം .സി റോഡിനു ബന്ധിപ്പിച്ചു പുതിയ പാലം വന്നിരിക്കുന്നു. അതിലൂടെ വാഹനങ്ങള്‍ തെക്കോട്ടും വടക്കോട്ടും തീ തുപ്പിക്കൊണ്ട്  പായുന്ന മങ്ങിയ കാഴ്ച . ഒരു പക്ഷെ എന്‍റെ പമ്പാനദിയുടെ  അവസ്ഥ ഇതാകുമായിരുന്നുവെങ്കില്‍  അവിടെ അത്തരം ഒരു പാലത്തിന്‍റെ ആവിശ്യകത എന്തായിരുന്നു. തിട്ടകള്‍ ഇടിച്ചിട്ടു റോഡ്‌ വികസനം പോരായിരുന്നോ ..? ഒരു മധുസൂതനന്‍  കവിത മനസ്സിലെവിടെയോ ഇരുന്നു തേങ്ങി.

''ആര് മോഷ്ടിച്ചതീ മണ്ണിന്‍
ജലസ്ഥാനങ്ങള്‍, നിരന്തര -
മാരു വാറ്റിക്കുടിയ്ക്കുന്നീ പ്രാണഗന്ധങ്ങള്‍!
ആര് ബാഷ്പീകരിയ്ക്കുന്നീ
മേഘമാര്‍ഗങ്ങള്‍,വനങ്ങള്‍?
ആര് മൂടിമറച്ചു മണ്ണിന്‍ സ്വരവികാരങ്ങള്‍? "

ഞാനിതാ എന്‍റെ ചെങ്ങന്നുരിന്‍റെ ഹൃദയത്തിലേക്ക് തിരിച്ചെത്തികഴിഞ്ഞിരിക്കുന്നു. അടുത്ത സീറ്റില്‍ ഇരിക്കുന്നവരുടെ കണ്ണുകള്‍ തുറിച്ച നോട്ടവുമായി എന്‍റെ മുഖത്ത് തന്നെ എന്ന് മനസിലാക്കിയതു വളരെ വൈകിയാണ്, ആ ചമ്മല്‍ കൂടി മുഖത്ത് വന്നപ്പോള്‍ എല്ലാ തികഞ്ഞ ഒരു ആദിവാസി ആയോ ഞാന്‍ അവര്‍ക്ക് മുന്നില്‍, ഒരു പക്ഷെ എന്‍റെ മനസ്സിന്റെ തോന്നല്‍ ആവാം അല്ലെ ..? സ്ത്രീകളുടെയും,കുട്ടികളുടെയും  വേഷ വിധാനത്തില്‍ വന്ന മാറ്റം തെല്ലൊന്നുമല്ല എന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്‌ വനവാസ കാലത്ത് ദുബായിലെ തെരുവോരങ്ങളില്‍ കണ്ട കാഴ്ചയിലെ റഷ്യന്‍ സുന്ദരികളുടെ വേഷവിധനങ്ങളെ തോല്‍പ്പിക്കുന്ന കാഴ്ചകള്‍. കണ്ണുകള്‍ പലപ്പോഴും അതിലുടക്കി, മീനിന്‍റെ തോള്ളയില്‍ കുടുങ്ങിയ ചൂണ്ടപോലെ . പെട്ടന്നാണ് ചിന്തകള്‍ക്ക് വിരാമം ഏകി ഒരു കിളിനാദം പോലെ ഹിന്ദിയിലും ഇംഗ്ലീഷിലും പിന്നെ എന്‍റെ ഹൃദയമിടിപ്പിന്‍റെ ഭാഷയിലും അറിയിപ്പ് വന്നു ചെങ്ങന്നൂര്‍ സെന്ട്രാല്‍ റയില്‍വേ സ്റ്റേഷന്‍ എത്തുന്നു പുനലൂര്‍, ശബരിമല എന്നി സ്റ്റേഷന്‍ലേക്ക് പോകേണ്ടവര്‍ ഇവിടെ ഇറങ്ങുക. റെയിവേയുടെ പുതിയ പരിഷ്കാരം . മെട്രോ ട്രെയിനിലെ പോലെ യുള്ള ഈ അറിയിപ്പ് . പണ്ട് തിരുവല്ല വിട്ടു കഴിഞ്ഞാല്‍ തുറിച്ച കണ്ണുമായി കാത്തിരിപ്പായിരുന്നു ചെങ്ങന്നൂര്‍ എത്തിയോ? പെട്ടിയും കിടക്കയും ഒക്കെ ചുരുട്ടി ഇറങ്ങാനുള്ള തത്ര പാടായിരുന്നു പിന്നീട്, അതിനൊരു മാറ്റം ഇത് കൊണ്ട് ഉണ്ടാവും റെയില്‍വേക്ക് ഒരു നന്ദി പറയണോ ഹേ.. അതിന്‍റെ ആവിസ്യമില്ല എന്നെ ചെയ്യേണ്ട ഒരു കാര്യം ഇത്രയും വകി വേണ്ടാ , ഞാന്‍ ഇരിപ്പിടത്തിന്‍റെ ചൂട് നഷ്ടപെടുത്തി മുകളിലെ ബാഗേജ് കാരിയറില്‍ നിന്നും എന്‍റെ ബാഗുമായി ഇറങ്ങാനുള്ള വാതിലിലേക് നടന്നു നീങ്ങി തനിയെ തുറക്കുന്ന വാതിലിലൂടെ എനിക്കിറങ്ങനുള്ള ഉഴം പാത്തു . വെളിയില്‍ ഇറങ്ങാന്‍ കാലുകള്‍ വക്കാന്‍ പണ്ട് വന്നിറങ്ങിയമാതിരി പടി തപ്പിയ എനിക്ക് തെറ്റി ട്രെയിന്‍ പ്ലാറ്റ്ഫോമിന്‍റെ നിരപ്പില്‍ തന്നെ ആണ് നില്‍ക്കുന്നത് വെളിയില്‍ കണ്ട മായ കാഴ്ച എന്‍റെ കണ്ണുകളില്‍ അത്ഭുത തിരയിളക്കം തന്നെ സൃക്ഷ്ടിച്ചു, നിരനിരയായി അടുക്കിയിട്ടിരിക്കുന്ന ലഗേജ് ട്രോളികള്‍, പ്ലാറ്റ്ഫോമിന്‍റെ നിരപ്പില്‍ തീര്‍ത്തിരിക്കുന്ന വാണിജജ്യ സ്ഥാപനങ്ങള്‍ മുകളിലെ നിലകളില്‍ തീര്‍ത്തിരിക്കുന്ന ഹോട്ടെല്‍ സമുച്ചയം , താഴോട്ടും മുകളിലോട്ടും ഒഴുകി പോകുന്ന പടികെട്ടുകള്‍ പെട്ടന്ന് എന്നില്‍ ഒരു മതിഭ്രമം സൃക്ഷ്ടിച്ചോ ..? ഞാന്‍ എടുത്ത ടിക്കെറ്റ് ഇനിയും വല്ല ഷോപ്പിംഗ്‌ മാളിലെക്കുള്ളതായിരുന്നോ ..? ( മനസ്സിന്‍റെ മച്ചമ്പില്‍ എവിടെയോ ഒരു മോഹന്‍ലാല്‍ കിളി ചിലച്ചോ ? ,അതിമോഹമാണ് മോനെ അതിമോഹം എന്നായിരുന്നോ അതിന്‍റെ പൊരുള്‍ ? ) സ്ഥലകാല ബോധം വന്നു താഴെ നിലയിലേക്ക് ഒഴുകി പോകുന്ന പടികെട്ടിന്‍റെ സഹായത്താല്‍ ഇറങ്ങി അവിടെയും ഒരു പാട് മായ കാഴ്ചകള്‍ എന്നെ കാത്തിരിപ്പുണ്ടായിരുന്നു . വെളിയിലെക്കിറങ്ങുന്ന വഴികളില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന പല സ്ഥലങ്ങളുടെ പേരുവച്ച ശീതികരിച്ച ലോഫ്ലോര്‍ ബസുകള്‍, നിരത്തുകള്‍ അന്തരക്ഷ്ട്ര നിലവാരമുറപ്പിക്കുന്ന വേറിട്ട കാഴ്ച, ടിക്കെറ്റ് നല്‍കുന്ന കൌണ്ടെരുകളുടെ സ്ഥാനത് ടി വി സ്ക്രീന്‍ ഘടിപ്പിച്ച കുറെ യെന്ത്രങ്ങള്‍ ആളുകള്‍ അതിനു മുന്‍പില്‍ നിന്ന് അതിന്‍റെ സ്ക്രീനില്‍ തൊട്ടു എന്തോക്കൊയോ കാണിക്കുന്നു ഇടയ്ക്കു അതിന്‍റെ മുകളിലെ പൊത്തില്‍ പണം നിക്ഷേപിക്കുന്നു പുറത്തേക്ക് വരുന്ന ഒരു കടലാസ്സു കഷണവുമായി അവിടം വിട്ടു പോകുന്നു. ( ഒരിക്കല്‍ കൂടി ഒരു മോഹന്‍ലാല്‍ കിളി അതുവഴി പറന്നു പോയി ) എങ്കിലും തേടിയെത്തിയ സ്റ്റേഷന്‍ വളപ്പിലെ പഴയ ഹരിത ഭംഗി കാണാനായില്ല ഹരിതം കാണാന്‍ ആയത് ചില രക്ഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയില്‍ മാത്രമായി പിന്നെയും മധുസൂതന്‍ കവിത മനസ്സില്‍ തേങ്ങലായി .

''പച്ച എന്നൊരു നിറം
കറുപ്പും വെളുപ്പും മാത്രമുള്ള
ചരിത്രത്തിന്‍റെ നെഗറ്റീവാണീ ലോകം
അതില്‍ ഹരിതം ചേര്‍ത്തത് നീയാണ്
വരമായി വന്ന വസന്തമേ,
നിന്‍റെ പച്ചചിരിത്തൂവാലയില്‍
എന്‍റെയീ മണ്‍മേനിയെപൊതിയുക
ഉമിനീരറ്റ എന്‍റെ മാറില്‍ കലുകലാഴ്ത്തുക ..

ചിന്തകളില്‍ നിന്നും അകന്നു അരീക്കര എന്നാ പേര് കണ്ട ബസ്സില്‍ കയറി ഡ്രൈവര്‍ സീറ്റിന്‍റെ അരുകിലായി കണ്ട ടി വി സ്ക്രീനില്‍ അരീക്കര എന്നാ എഴുത്തില്‍ വിരല്‍ തൊട്ടു രൂപ 1000 എന്നെഴുതിയ ഒരു കുറിപ്പ് കാട്ടി സ്ക്രീന്‍ എന്നോട് കൊഞ്ഞനം കാട്ടി, ഒടുവില്‍ ആയിരത്തിന്‍റെ ഗാന്ധി തലയൊന്നു അതിന്‍റെ വശങ്ങളില്‍ കാണിച്ച പൊത്തില്‍ നിക്ഷേപിച്ചപ്പോള്‍ മുന്‍പില്‍ കണ്ട തടസ്സം മാറി എനിക്ക് അതിന്‍റെ ഉളിലെ ഇരിപ്പിടത്തില്‍ ഇരിക്കാനായി ( ഈ നേരങ്ങളില്‍ ഒക്കെയും മോഹന്‍ലാല്‍ കിളി അതിന്‍റെ പണി തുടരുന്നുണ്ടായിരുന്നു )
ഒടുവില്‍ ആളുകളെയും നിറച്ചു ആ വാഹനം ഒരു ചലനം പോലും നമ്മില്‍ സൃക്ഷ്ടിക്കാതെ നിരത്തില്‍ ഒഴുകി നീങ്ങി ഇതിനിടയില്‍ എന്നെ അത്ഭുത പെടുത്തിയ മറ്റുകഴ്ചകള്‍ അനവധി ഔട്ടോ റിക്ഷയുടെ വലിപ്പമുള്ള കാറുകള്‍ നിരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നീങ്ങുന്നു ഒരു ശബ്ദ മലിനീകരണവും ഇല്ലാതെ ഒരു പക്ഷെ ബാറ്റെരിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ആവാം എങ്കിലും എല്ലാത്തിന്റെയും ജാലകവാതിലുകള്‍ അടഞ്ഞു തന്നെ ആയിരുന്നു ശീതീകരണ യെന്ത്രം ഇല്ലാതെ ജീവിക്കാന്‍ ആവില്ല എന്നായിരിക്കുന്നു ഒരു പക്ഷെ മനുഷ്യന്‍ പ്രകൃതിക്ക് നല്‍കിയ മുറിവിനു കിട്ടിയ ശിക്ഷ ആവാം . സ്റ്റേഷന് മുപില്‍ സ്ഥാപിച്ച വലിയ എല്‍.സി.ഡി സ്ക്രീനില്‍ കണ്ട മറ്റൊരു ഒരു കാഴ്ച എന്നെ അത്ഭുത സ്തംഭാനാക്കി അതിങ്ങനെ ആയിരുന്നു ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ സ്റ്റെടിയത്തില്‍ ജനു 12 നു അര്‍ജ്ജന്റീന സ്പൈനുമായി ഏറ്റുമുട്ടുന്നു .ടിക്കെറ്റ് ഒന്നിന് 10000 രൂ മാത്രം ... ചിന്തകള്‍ കാടുകയറുന്ന നേരംകൊണ്ട് ഞാന്‍ കയറിയ ബസ് പ്രധാന നാല് വരി നിരത്തിലൂടെ സംസ്ഥാന ഗതാഗത വകുപ്പിന്‍റെ ബസ് സ്റ്റാന്റും വാണിജജ്യ സമുച്ചയവും കടന്നു കഴിഞ്ഞിരുന്നു ബസ്സിന്‍റെ ജാലകത്തിലൂടെ കണ്ട കാഴ്ച എന്നെ തരളിതനാക്കി വാണിജജ്യ സമുച്ചയത്തിന്റെ പതിനാറാം നിലയിലുള്ള പാര്‍ക്കിങ്ങിലെക്ക് ഒഴുകി കയറുന്ന വാഹന നിര. ( ഈ നേരങ്ങളില്‍ ഒക്കെയും മോഹന്‍ലാലിന്‍റെ കിളി കൂട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും ചിറകടിച്ചു ചിലച്ചുകൊണ്ട് പറക്കുയയിരുന്നു ) ചിന്തകളില്‍ ഊളിയിട്ടു നിന്ന നേരം കൊണ്ട് ബസ്സ് മുളക്കുഴയും കടന്നിരുന്നു ഈ വഴിയോരങ്ങള്‍ എല്ലാം എനിക്ക് അപരിചിതം ആയിരിക്കുന്നു വഴിയരികില്‍  കണ്ട അരീക്കരക്ക് ഇവിടെ തിരിയുക എന്നാ എഴുത്താണ് എന്നെ സ്ഥലകാല ബോധത്തില്‍ എത്തിച്ചത് . വഴിയോരങ്ങളില്‍ പ്രാര്‍ത്ഥനാലയങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു മനുഷ്യര്‍ക്ക്‌ ഭക്തി കൂടിയോ ,അതോ മതഭ്രാന്ത്‌ മൂത്ത് കട്ടി കൂട്ടുന്ന വിക്രിയകളോ .?

''ഭൂതഭാവികള്‍ വറ്റുമാകാശം
അല്പ്പയുസ്സാം കൂണുകള്‍
ഉദിച്ചാഞ്ഞു കേട്ടുപോം പ്രകാശങ്ങള്‍
ഉഷ്ണസൈത്യനഗല്‍ തമ്മിലിടയും
ദശാസന്ധി ത്രിഷ്ണയായോഴുകുന്ന
ചാലുകള്‍ ,കബന്ധങ്ങള്‍
വായുവില്‍ത്തുരുംബിക്കും നാദലോഹങ്ങള്‍,
വേഗം പായവേയിറുന്നുപോം
മാംസള യെന്ത്രാശ്വങ്ങള്‍'' .

ഒരു ഞെട്ടലോടെ ഒരു മണിയടി ശബ്ദം ദൂരെ കേട്ടു എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു മണിയടി ശബ്ദം അടുത്ത് വരുന്നു ബസ്സിന്‍റെ ജാലകങ്ങള്‍ തുറക്കാനും ആവുന്നില്ല . ദൈവമേ എന്താണ് സംഭവിക്കുന്നത്‌ മണിയടി അതിന്‍റെ ഉച്ചസ്തയില്‍ എത്തി പെട്ടന്നാണ് കണ്ണ് തുറന്നത് രാവിലെ ജോലിക്ക് പോകാനുള്ള അലാറം അടി ഛെ .. അപ്പോള്‍ ഞാന്‍ കണ്ടതൊക്കെ വെറും കിനാക്കള്‍ മാത്രമോ .... അല്ല അതിരാവിലെ കണ്ട സ്വപനം ഫലിക്കും എന്നല്ലേ .. ? അങ്ങനെ വിശ്വസിക്കാം രാവിലെ ട്രെയിനില്‍ വച്ചുണ്ടായ അതെ ചമ്മിയ ഒരു ചിരി എന്‍റെ മുഖത്ത് പടര്‍ന്നിരുന്നോ ..? അടുത്ത റൂമിലെ കവിതാ  ഭ്രാന്തന്‍റെ മൊബൈലില്‍ മണിയടിയായി ഒരു കവിത പാടി തിമിര്‍ക്കുന്നു.

''ഇങ്ങു ഞാന്‍ എന്തെ തിരഞ്ഞു വന്നു ?
ഭീതനേന്‍ രുധിരയെജ്ജം പിഴച്ചുവല്ലോ ,
കുടിലയെന്ത്രങ്ങളില്‍ ഗൂഡമന്ത്രം
ജപിച്ച്ചെയ്തോരസ്ത്രമെന്‍ നെഞ്ചിലെ വീണുവല്ലോ ?
എങ്ങാത്മരക്ഷയെങ്ങേന്നെ തിരഞ്ഞു
വഴിയെല്ലാമടഞ്ഞു നില്‍ക്കുമ്പോള്‍
ഒന്നുമറിയാത്ത ദു:ഖങ്ങളാം നാട്ടു -
കുഞ്ഞുങ്ങള്‍ എന്തിനോ പാട്ട് തുടരുന്നു .''

ഒടുവില്‍ മോഹന്‍ലാല്‍ കിളി ചിലക്കുന്നതിനു മുന്‍പേ ഞാന്‍ നീ പോ.. മോനെ.. ദിനേശാ എന്ന് പറഞ്ഞു കുളി മുറി ലക്ഷ്യമാകി നീങ്ങി ഓഫീസില്‍ എത്തുമ്പോള്‍ കാണേണ്ട സംഹാരരൂപികളുടെ മുഖത്തിന്‍റെ ചന്തം  ചിന്തകള്‍ എന്നില്‍ നിന്നും ഓടിയോളിപ്പിക്കാന്‍ പ്രേരണയായി .

Friday, November 23, 2012

ചക്രവാളം
തുടുക്കുന്നവള്‍ തുടുക്കുന്നു; പടിഞ്ഞാറായി തുടുക്കുന്നു
വിളിക്കുന്നവള്‍ വിളിക്കുന്നു, മാടിമാടി വിളിക്കുന്നു.
വിളി കേട്ട് കുതിക്കുന്നു കതിരവനതിവേഗം,
ദ്രുത വേഗം കുതിച്ചവനവള്‍ക്കായി  പടിഞ്ഞാട്ട്‌
 അവളുടെനിറമാറില്‍ ചായുവാനായി കൊതിയോടെ.
കുതിപ്പിന്നാല്‍ തുടുക്കുന്നു കവിളിണ വീണ്ടും വീണ്ടും
കാര്‍മേഘശകലങ്ങള്‍ തീതുപ്പും പക്ഷികള്‍ പോല്‍
നിറംതുപ്പി തെക്കോട്ടും വടക്കോട്ടും പറക്കുന്നു.
 ഒടുവിലായികതിരവന്‍ നെറുകയില്‍ നിറം ചാര്‍ത്തി 
അവളുടെ നെറുകയില്‍ സിന്ധൂരമായലിഞ്ഞു പോയ്‌ .
ഇങ്ങിവിടെ ധരണിയില്‍ നിശയുടെ നിറമെത്തി
ധരണിതന്‍ വിളികളില്‍ കിഴക്കങ്ങു തിങ്കളെത്തി.
 ചന്ദ്രദ്യുതി വൃഷ്ടിയായി പൊഴിക്കുന്നു ധരണിയില്‍
 നാഴികകള്‍ കൊള്ളിമീന്‍ക്കണക്കെ    പായുന്നു
തിരിച്ചെത്തി   കതിരവന്‍   കിഴക്കിങ്ങുപുലരിയില്‍
ഇവിടെയും  കാത്തുനിന്നു തുടുത്തവള്‍ വല്ലാതങ്ങ് !
കാത്തു നില്ക്കും   പടിഞ്ഞാറും കിഴക്കുമായി അവളെന്നും 
കൊതിയോടെ വരവേല്‍ക്കും  മടിയേതും കൂടാതെന്നും.

Monday, November 19, 2012

വെറുക്കപ്പെട്ടവര്‍

ഒട്ടിയവയറുമായി ദിനങ്ങള്‍ താണ്ടുന്നിവര്‍
പ്രാണന്‍ ഉടലില്‍നിന്നും  വേര്‍പ്പെടുത്താനായി  
കാലന്‍ വിശപ്പിന്‍റെ രൂപം പൂണ്ടു കൊത്തിവലിക്കുന്നു
പിടയുകയാണ് മാനസ്സം ദാഹജലത്തിനായി. 

കുപ്പതൊട്ടിയിലെ  അമൃതേത്തും  പങ്കിലമിന്ന്
ദിനമെത്രതാണ്ടി ഇവിടം വൃത്തിഹീനമായിട്ടിവര്‍ക്കും,
മാസങ്ങള്‍ കൊഴിഞ്ഞു നഗരസഭയുടെ
ദുര്‍ഗന്ധം വിതയ്ക്കുന്ന  ചവറുവണ്ടി വന്നിട്ടിവിടെ,

തമിഴ്നാടിന്‍ എന്‍ഡോസള്‍ഫാന്‍  മണമൂറും 
പച്ചക്കറികളില്‍ തീര്‍ത്ത സാമ്പാര്‍ പോലും
ഇവിടെ വീഴുമ്പോള്‍, ദ്രുതവേഗം പുഴുക്കളാല്‍ -
സമ്പന്നരായി ഇവര്‍ക്കുനേരെ ഇളിക്കുന്നിന്ന്.

തെരുവിന്‍റെ സന്തതിയിവര്‍ ജനനം മുതല്‍ 
മരണം വരയും ഇവിടെ ജീവിച്ചു തീര്‍ക്കുവാന്‍
ഉത്തരവാദികളാര് വിധിയെന്ന രണ്ടക്ഷരമോ  ?
ആരവരീവിധിതന്‍ വിധികര്‍ത്താവ് ? സ്വയമിവരോ ?  

അതോ രാത്രിതന്നന്ത്യയാമങ്ങള്‍തീര്‍ത്ത  ഇരുളില്‍
തെരുവിന്‍ അമ്മയില്‍ കാമപ്പിശാചുക്കള്‍
കുത്തി നിറച്ച ബീജത്തിന്‍ പൊരുളുകള്‍
നിണം നിറഞ്ഞു  ജീവല്‍ത്തുടിപ്പുകളായതോ ?

എന്തുതന്നാകിലും ; വെറുക്കപ്പെട്ടവരിവര്‍
എപ്പോഴുമെവിടയും, കാലങ്ങിളില്ലാതെ !
ഒഴുകുന്നു  ഈ ജീവിതഗാഥ നിര്‍ഗളമായി
ഗാന്ധിതന്നാത്മാവുറങ്ങും ഗ്രാമവീഥികളില്‍പ്പോലും.

Monday, November 5, 2012

അവള്‍


ഒരുനാളില്‍ നാം തമ്മില്‍ കണ്ടുമുട്ടി
ഒരു മുജ്ജന്മ നിയതി പോല്‍  കണ്ടുമുട്ടി
തുളസികതിര്‍നൈര്‍മല്യം തൂവിയ മുഖപടം
പലനാളിന്‍ പ്രണയത്താല്‍ പറന്നുപോയ്‌
അന്ന് നിന്‍ കാര്‍കൂന്തല്‍ കെട്ടഴിഞ്ഞു
അവതീര്‍ത്ത ഓളങ്ങള്‍ യമുനതന്‍
കുളിരായി മനതാരില്‍ ഒരുമാത്ര ഒഴുകിയെത്തി
ഒരു രാവിന്‍ മടിയില്‍ ഞാന്‍ മയങ്ങിടുമ്പോള്‍
ഒരു മാത്ര കനവായെന്‍ ചാരത്ത് വന്നു നീ
ഒരു നിശാഗന്ധിപോല്‍ പൂത്തുലഞ്ഞു
നീ തന്ന ലാസ്യമാം ഗന്ധത്തിനാല്‍ ഞാന്‍
നിശയുടെ ലഹരികള്‍ തിരിച്ചറിഞ്ഞു 
 ആത്മാവിന്‍ താപങ്ങള്‍ തിരിച്ചറിഞ്ഞു
ഒരുവട്ടം കൂടിയാ കാര്‍കൂന്തല്‍ ചുരുളിന്‍
മാദക ഗന്ധം നീ പകര്‍ന്നു തരു പ്രിയേ
നിന്നുടെ ആര്‍ദ്രമാം ചൊടികളിന്‍ തേന്‍മഴ
നിദ്രാവിഹീനമാം രാവുകള്‍ക്കുന്മാദം
ഒരുമാത്ര ഇനിയും നീ വരികയില്ലേ
ദാഹാര്‍ദ്രമാം എന്‍ ജീവിത വീഥിയില്‍
ദാഹ ജലം നീ പൊഴിക്കയില്ലേ സഖി
മോഹങ്ങള്‍ ഒക്കെയും തീര്‍ക്കയില്ലേ.

Thursday, November 1, 2012

മഴയുടെ സൗരഭ്യംഅവള്‍ വരുന്നു എന്നറിഞ്ഞു 
 എപ്പോഴോ ആകാശവാണിയില്‍ നിന്നറിഞ്ഞു 
 അവള്‍ വന്നു വന്നപ്പോള്‍ കൂട്ടിനു -
സംഹാര രൂപിയാം മാരുതനും 
 പിന്നവള്‍ വന്നപ്പോള്‍ മിന്നലും കൂട്ടത്തില്‍ -
മാറ് പിളര്‍ക്കുന്ന വെള്ളിടിയും 
 പിന്നെയോ വന്നത് തനിയെയായി 
 തുള്ളിക്കൊരു കുടം ചിതറിയ പോല്‍
 അന്നവള്‍ ഭൂമിതന്‍ മാറില്‍ ചാഞ്ഞു 
 അന്നവള്‍ തന്നതോ വാചാലമാം -
കന്നി മണ്‍ സൗരഭ്യം ആയിരുന്നു 
 പിന്നെയും പിന്നെയും മഴകളെത്തി 
 പലതുള്ളി പെരുവെള്ളം പെയ്തിറങ്ങി
ഒരു നാളില്‍ അവളെന്നില്‍ പെയ്തിറങ്ങി
മനതാരില്‍ കനവായി പെയ്തിറങ്ങി 
 അന്നെന്‍റെ ആത്മാവില്‍ ഞാനറിഞ്ഞു 
 മഴയുടെ സൗരഭ്യം ഞാനറിഞ്ഞു 
 കണ്ടറിഞ്ഞു.... ഞാന്‍ തൊട്ടറിഞ്ഞു
 പിന്നെയും പിന്നെയും കൊണ്ടറിഞ്ഞു

മരണം എന്ന മഹാത്ഭുതംപതിവില്‍ കൂടുതല്‍ ചൂടുള്ള 2005 ആഗ്സ്റ്റിലെ ഒരു പകല്‍ ..... മണലുകള്‍ വെന്തുരുകി വമിക്കുന്ന ചൂടുകാറ്റിന്‍റെ തലോടലില്‍ ഞങ്ങളുടെ ജിദ്ദ ഓഫീസിനു മുന്‍പില്‍ ആ വാഹനം ഒരു മുരള്‍ച്ചയോടെ വന്നു നിന്നു.. വിമാന താവളത്തില്‍ നിന്നും പുതുതായി വന്ന തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ഞങ്ങളുടെ ബസ് ... ഇരുപത്തിയാറു പേരടങ്ങുന്ന ... മലയാളിയും തമിഴനും ,രാജസ്ഥാനിയും ഒക്കെ അടങ്ങുന്ന ഒരു സംഘം ... ഡ്രൈവര്‍ വാതിലുകള്‍ തുറന്നു ... എയര്‍കണ്ടിഷന്‍റെ കുളിര്‍മയില്‍ ആയിരുന്ന എല്ലാവരും ഉള്ളിലേക്ക് കടന്ന തീപിടിച്ച മാരുതന്‍റെ തലോടലില്‍ ഒന്ന് ഞെട്ടിക്കാണും. ഞെട്ടലില്‍ നിന്നും ഉണരാതെ മടിച്ചു മടിച്ചു വെളിയിലേക്ക് ഇറങ്ങാന്‍ കൂട്ടാക്കാതെ നിന്നവരെ വകഞ്ഞു മാറ്റി ഇറങ്ങിയ ഒരു നീണ്ടു മെലിഞ്ഞ മധ്യ വയ്സ്സ്ക്ക്ന്‍ ഒരു നിമിഷം എന്‍റെ കണ്ണില്‍ ഒരു മിന്നല്‍ ആയി, എന്തിനെയും അതിജീവിക്കാനുള്ള ഒരു ത്വര ... ആ കണ്ണുകളില്‍ ഞാന്‍ കണ്ടു , ഒടുവില്‍ ഓരോരുത്തര്‍ ആയി പാസ്‌പോര്ട്ട് ‌ ഏല്‍പ്പിച്ചു താമസ്സ സ്ഥലത്തേക്ക് പോകാനുള്ള തിരക്കില്‍ ആയി ...അയാളുടെ ഊഴം വന്നപ്പോള്‍ കണ്ടു അയാളുടെ പേര് ... ''സിക്കന്തര്‍ ബസിയാത്തി '' ...ആ പേരിലും എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നി ഒരു പക്ഷെ ആദ്യമായി കേട്ടത് കൊണ്ടാവാം ..രാജസ്ഥാനിലെ ഏതോ ഒരു ഗ്രാമവാസി .. വന്നവര്‍ എല്ലാം തന്നെ അടുത്ത ദിനങ്ങളില്‍ കമ്പനിയുടെ ഓരോരോ ശാഖ കളിലേക്ക് പറിച്ചു നടപെട്ടു .... കാലം കിതക്കാത്ത ഒരു കുട്ടിയെ പോലെ കണ്മുന്പില്‍ ഓടിമറയുന്നു .... പലപ്പോഴും പിന്നിട് ഇവരില്‍ പലരെയും പല ശാഖകളില്‍ ജോലിത്തിരക്കില്‍ കണ്ടു മുട്ടി ... എങ്കിലും ''സിക്കന്തര്‍ ബസിയാത്തി '' യെ എങ്ങും കാണാന്‍ കഴിഞ്ഞില്ല. അന്ന് വന്ന പലരും ഇതിനിടയില്‍ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചു പോയിരുന്നു ..... അതില്‍ അയാളും പെട്ടിരിക്കാം എന്ന് ഞാനും കരുതി ... അങ്ങനെ 2011 വന്നെത്തി. അപ്പോള്‍ ഞാന്‍ സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ജോലി ചെയ്യുന്ന കാലം .. ഒരു പുതിയ ശാഖ തുറക്കാനുള്ള സമയം .. പല ശാഖകളില്‍ നിന്നും ആളുകള്‍ ഞങ്ങളുടെ ജുബൈല്‍ ശാഖയില്‍ വന്നുകൊണ്ടിരുന്നു. ഒരു ദിവസം വന്നവരുടെ കൂട്ടത്തില്‍ ഈ ''സിക്കന്തര്‍ ബസിയാത്തി '' യും ഉണ്ടായിരുന്നു .... ഗള്‍ഫിലെ കൊഴുപ്പ് കൂടിയ ആഹാരം ഒന്നും തന്നെ ശരീരത്തില്‍ ഒരു മാറ്റവും വരുത്താതെ അതെ 2005 ല്‍ കണ്ട ''സിക്കന്തര്‍ ബസിയാത്തി '' ഒരിത്തിരി കൂടി മെലിഞ്ഞോ എന്ന് സംശയം. എങ്കിലും ആ കണ്ണുകളിലെ തിളക്കം അതെ പോലെ നിലനില്ക്കു്ന്നു ... വീണ്ടും കാലം കണ്മുന്പി്ല്‍ ഓടിമറയുന്നു. 2012 ഒഗസ്റ്റിന്‍റെ ആദ്യവാരം . 2005 ലെ ഒഗസ്റ്റിനെ കടത്തി വെട്ടി അഗ്നിഗോളങ്ങള്‍ നാലുപാടും തീ തുപ്പുന്ന ഒരു പകല്‍, പുതിയ ശാഖയിലെ മാനേജരുടെ ഒരു ഫോണ്‍ വിളി എത്തി ''സിക്കന്തര്‍ ബസിയാത്തി '' ക്ക് തീരെ സുഖമില്ല എത്രയും പെട്ടന്ന് ഏതെങ്കിലും ആധുനിക സൌകര്യങ്ങള്‍ ഉള്ള ആസ്പത്രിയില്‍ എത്തിക്കണം ക്യാമ്പിലെ ക്ലിനിക്കില്‍ ഇനിയും ചീകില്സിക്കാനാവില്ല എന്ന് ... ഒരു ഞെട്ടലോടെ ആണ് ആ വാര്‍ത്ത കേട്ടത്. എപ്പോഴും ഉര്ജ്ജസ്വലന്‍ ആയ ആ മുനുഷ്യനു എന്ത് പറ്റി ? അപ്പോള്‍ തന്നെ ''സിക്കന്തര്‍ ബസിയാത്തി '' യെ ജുബൈലില്‍ നഗരത്തില്‍ ഉള്ള അല്‍ മാനാ ഹോസ്പിറ്റലില്‍ എത്തിച്ചു .... തിരക്ക് കാരണം അന്ന് വളരെ വൈകി ആണ് എനിക്ക് ഹോസ്പിറ്റലില്‍ പോകാന്‍ കഴിഞ്ഞത് . ഹോസ്പിറ്റലില്‍ എത്തി ''സിക്കന്തര്‍ ബസിയാത്തി '' യെ കാണുവാന്‍ വേണ്ടി കാത്തു നില്ക്കേ ണ്ടി വന്നു കാരണം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു അപ്പെഴേക്കും ... ഒടുവില്‍ കാണുമ്പോള്‍ ബോധം ഇല്ലാതെ സ്വയം ശ്വാസം എടുക്കാന്‍ കഴിയാതെ ... കൃത്രിമ ശ്വസോച്ച്വാസ യന്ത്രം ഘടിപ്പിച്ച നിലയില്‍ ആയിരുന്നു ... കണ്‍ തടങ്ങളില്‍ എവിടയോ ഒരു നനവ്‌ അനുഭവപെട്ട നിമിഷം .. ഡോക്റെ കണ്ടു കാര്യങ്ങള്‍ അന്വേഷിച്ചു .... അവര്ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ ടെസ്റ്റുകള്‍ നടത്താന്‍ പോലും കഴിയാത്ത ഒരു അവസ്ഥ എന്ന് അവര്‍ പറഞ്ഞു ... ശ്വാസകോശ സംബന്ധമായ അസുഖം ആണ് ഞങ്ങള്‍ ആവതും ശ്രമിക്കുന്നുണ്ട് എന്ന് ...ദിവസങ്ങള്‍ ആപ്പോള്‍ ഒരു ഒച്ചിന്‍റെ വേഗം കൈവരിച്ചു നീങ്ങി ... നീണ്ട ഒന്‍പത് ദിവസങ്ങള്ക്കൊടുവില്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ ''സിക്കന്തര്‍ ബസിയാത്തി '' ഉണര്ന്നു ... ഒരിക്കല്‍ പോലും ആരും കരുതാത്ത ഒരു ഉയര്‍ത്തെഴുന്നെല്‍പ്പു ..... കാണാന്‍ എത്തിയപ്പോള്‍ കണ്ടതു ആ പഴയ ''സിക്കന്തര്‍ ബസിയാത്തി '' യെ അല്ല വല്ലാത്ത തളര്‍ച്ച ആ ശരീരത്തില്‍ കടന്നു കൂടിയിരിക്കുന്നു. എങ്കിലും ഇനിയും ഒരു അങ്കത്തിനു ബാല്യം എന്ന് ആ കണ്ണുകളില്‍ വായിക്കുവാന്‍ കഴിഞ്ഞു .. ആദ്യം പറഞ്ഞത് എനിക്ക് കുഴപ്പമൊന്നുമില്ല എങ്കിലും എനിക്ക് ഒന്ന് നാട്ടില്‍ പോകണം ... അന്ന് തന്നെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്ജു ലഭിച്ചു അടുത്ത ദിനം തന്നെ നാട്ടില്‍ വിടുവാനുള്ള നടപടി നടത്തി ... അന്ന് രാത്രി തന്നെ ''സിക്കന്തര്‍ ബസിയാത്തി '' യെ ഞങ്ങള്‍ നാട്ടില്‍ കയറ്റി വിട്ടു സന്തോഷവാനായി ... ഞങ്ങളെ കൈ വീശി അവന്‍ ഞങ്ങളുടെ കണ്മുന്പില്‍ നിന്നും മറഞ്ഞു പോയി .... അടുത്ത ദിനം അവിടെ എത്തി എന്നുള്ള വിവരവും നല്കി ... വീണ്ടും മൂന്നാമത്തെ നാളില്‍ അതെ നമ്പരില്‍ നിന്നും വിളി വന്നു ... ''സിക്കന്തര്‍ ബസിയാത്തി '' നമ്മളില്‍ നിന്നും അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് പറന്നുയര്ന്നി രിക്കുന്നു ഇനിയോരിക്കലും തിരിച്ചു വരാന്‍ ആകാത്ത ഉയരങ്ങളിലേക്ക് .... മരണം എന്നാ മഹാ സത്യം ''സിക്കന്തര്‍ ബസിയാത്തി '' യെ നമ്മില്‍ നിന്നും കവര്‍ന്നെടുത്തിരിക്കുന്നു . മനസ്സിന്‍റെ . ഉള്ളില്‍ ഉരുണ്ടു കൂടിയ കാര്‍മേഘം എല്ലാം ഒരു മഴയായി കണ്‍തടങ്ങളിലൂടെ പെയ്തിറങ്ങി .... എങ്കിലും മരണമേ നിനക്ക് നന്ദി .... എന്ന് അപ്പോള്‍ മനസ്സ് വിതുമ്പി .. ആരോരും ഇല്ലാതെ ഈ മരുഭൂവില്‍ മരണമെന്ന സത്യമേ നീ അവനെ കവര്‍ന്നെടുത്തില്ലല്ലോ ...തന്‍റെ എല്ലാമെല്ലാമായ ഉറ്റവരുടെയും ഉടയവരുടെയും കണ്‍ മുന്പില്‍ വച്ച് അവര്‍ നല്കിയ തലോടല്‍ ഏറ്റു വാങ്ങി നിന്നെ പുല്‍കാന്‍ നീ ആ പാവം മനുഷ്യനെ അനുവദിച്ചല്ലോ...... നന്ദി മരണമേ ...നന്ദി .... ഒടുവില്‍ എന്നും കണ്‍തടങ്ങള്‍ നനക്കുന്ന ഒരോര്‍മ്മയായി .. ''സിക്കന്തര്‍ ബസിയാത്തി '' ......