Friday, March 8, 2013

സഖിയെ നീ

  
ഹൃദയത്തില്‍ ഹിമകണ  നൈര്‍മല്യവും ചാര്‍ത്തി, 
കുഞ്ഞിളം തെന്നലിന്‍ സ്വാന്തനമായ് നീയെത്തി.
നീയെന്നില്‍ കനവുകള്‍തന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു,
മറയുകയോ സഖിയെ നീ ഒരു വാക്കും ചൊല്ലാതെ .
 
കനവുകളില്‍ നിറയുകയായി നീയെന്നുമറിയാതെ,
ഒരു നിശതന്‍ലാസ്യതയില്‍ നീയെന്നിലേകിയ  -
നഖക്ഷതങ്ങള്‍ ഒരു കണിക  ശോണിതമായി തെളിയുമ്പോള്‍, 
പിരിയരുതെ സഖിയെ നീ   ഒരു വാക്കും ചൊല്ലാതെ.

പറയാനും അറിയാനും പലനാളും മനമുരുകി   -  
വിട്ടൊരിക്കല്‍  അരയന്നപിടയൊന്നിനെ   ദൂദുമായി.
കാത്തു നിന്നു നളനായി ; ദിനമെത്ര  നിനക്കായി.
മായരുതേ  സഖിയെ നീ   ഒരു വാക്കും ചൊല്ലാതെ.

ഒരുനാളില്‍ നീയരുകില്‍ ഒരുമയൂരമായെത്തി,
കാര്‍മേഘ വര്‍ണ്ണനായി ഞാനന്നു നിന്നരികില്‍ .
പീലിയേഴും വീശിയന്നു നൃത്തമാടി നീയെനിക്കായി,
പോകരുതേ സഖിയെ നീ   ഒരു വാക്കും ചൊല്ലാതെ.

പലനാളായി കരുതുന്ന വാക്കുകള്‍തന്‍ സ്നേഹശരം,
തൊടുക്കുകയായി  ഞാനിന്നു  പ്രണയിനിയെ നിന്‍നേരെ.
നീയാണെന്‍ ഹൃത്തിനു ഗീതമേകും  കോകിലം,
നീയല്ലാതില്ലെനിക്ക്  ഈയുലകില്‍  സ്വാന്ത്വനം.  

Sunday, March 3, 2013

നിലാമഴ


ഒരു നിലാമഴതന്‍ തുള്ളിയായി 
നറു നിലാവിന്‍ ശോഭയില്‍
കളമൊഴി പാടി നീ... ചാരെ വന്നു
സുഗന്ധമായി നീ .. പറന്നുവന്നു
ഒരു കനവില്‍ എന്‍ കനവില്‍

ഒരു നിലാപക്ഷി പാടും... പാട്ടിന്‍ഈണമായി
നീയെന്നിലെന്നും അലിഞ്ഞു ചേര്‍ന്നു...
അവനല്‍കും  താളങ്ങള്‍ രാരീരം ചൊല്ലിയെന്‍ 
നിദ്രയില്‍ താരാട്ടായി അലിഞ്ഞു ചേര്‍ന്നു
എന്‍ നിദ്രതന്‍ താരാട്ടായി അലിഞ്ഞു ചേര്‍ന്നു

നിന്‍ മൃദുമന്ദഹാസം  നൂറുനൂറു കര്‍ണ്ണികാരം
പൂത്തുലയും മേടമാസ  പുലരിയായി 
അവയുടെ വര്‍ണ്ണങ്ങള്‍ നിന്‍ മിഴികളിലേകി
ഒരു  നൂറു വസന്തത്തിന്‍ പൂക്കൂടകള്‍
അവ  തന്ന മാദകഗന്ധങ്ങള്‍ എന്നിലെ
ഗന്ധര്‍വ വീണയില്‍ ശ്രുതിമീട്ടി   
എന്‍ മാനസ്സ വീണയില്‍ ശ്രുതിമീട്ടി

ഒരു നിലാമഴതന്‍ തുള്ളിയായി 
നറു നിലാവിന്‍ ശോഭയില്‍
കളമൊഴി പാടി നീ... ചാരെ വന്നു
സുഗന്ധമായി നീ .. പറന്നുവന്നു
ഒരു കനവില്‍ എന്‍ കനവില്‍

Saturday, February 2, 2013

സന്ധ്യയുടെ തമസ്സില്‍


കിളികള്‍ വിടചൊല്ലിയകലും കളിത്തട്ടിലമരുന്നു പകലിന്‍റെ നെടുവീര്‍പ്പുകള്‍ 
ഒരു ദീര്‍ഘദിനചര്യ വിടയാക്കിയണയുന്നു കതിരോനുമലയാഴി ഋജുരേഖയില്‍.
മൃദുശംഖിനൊലിതീര്‍ത്തു മിഴിവാര്‍ന്ന ശ്രീകോവിലുഡുപോലെ തെളിയുന്ന നിറദീപവും 
പലകണ്ഠമുരുകുന്ന ജപമാലയണിന്നു 
പലജാതി മതദൈവമാള്‍ദേവരും.
എവിടെന്‍റെ ദൈവങ്ങളെവിടെന്‍റെ മൂര്‍ത്തികള്‍ 
ബധിരരായന്ധരായെവിടൊളിച്ചു ?! 
ജപമാലയേകുന്നദുരിതാള ജനലക്ഷ-
മുരുകുമ്പോളതിഗൂഢമെവിടൊളിച്ചു ?
വഴിയോരമൊരുപാടു ചുടുചോര വീഴുമ്പോ-
ഴുയിരായ മാനം കവര്‍ന്നിടുമ്പോള്‍ 
എവിടെന്നു തേങ്ങുന്ന പ്രിയരോടുചൊല്ലുനിന്‍
തമസ്സില്‍ ഒളിപ്പിച്ച സത്യങ്ങളെ !
ഇരവിന്നുമുന്നില്‍ നിണംചേര്‍ന്ന ജന്മാമി-
ട്ടിരുളാതെയൊരുവേളയെങ്കിലും നീ.